Sunday, November 30, 2008

മുംബൈ ഉത്സവ ആഘോഷം

മുംബൈ ശാന്തമാകുന്നു.ഉത്സവ ആഘോഷം കഴിഞ്ഞ്‌ ചാനലുകാരും മറ്റു മീഡിയക്കാരും പെട്ടിയും കുടയും മടക്കി യാത്രയായി.ഉത്സവപ്പറമ്പില്‍ പറന്നു നടക്കുന്ന കീറക്കടലാസു കഷണങ്ങള്‍ മാത്രം ബാക്കിയായി.

ആരെ കുറ്റപ്പെടുത്തണം. ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുകയും പ്രസംഗങ്ങള്‍ കൊണ്ട്‌ എല്ലാ പ്രശ്നങ്ങളും തീരും എന്നു വിശ്വസിക്കുന്ന ഭരണ കൂടത്തെയോ ദുരന്തങ്ങള്‍ പോലും അവസരങ്ങളാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരേയോ.ഒരുമ എന്നത്‌ എള്ളോളമില്ലാത്ത ഒരു ജനതയേയോ. നമുക്ക്‌ അമേരിക്കയെ  കുറ്റം പറഞ്ഞിരിക്കാം കാരണം അവിടെ 9-11നു ശേഷം ഒരു കുഞ്ഞു പൊട്ടാസുപോലും പൊട്ടിയിട്ടില്ല
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്ത..............
മാണ്ടന്മാര്‍ തിരഞ്ഞെടുത്ത തിരുമണ്ടന്മാര്‍ ഭരിക്കുന്ന മഹാരാജ്യം. ചന്ദ്രനില്‍ ഒരു  പതാക പറത്താന്‍ കോടികള്‍ ചിലവിടുന്നതിനു മുന്‍പ്‌ പ്രജകള്‍ക്ക്‌ സുരക്ഷ ഉറപ്പുവരുത്താനുള്ള  നടപടികള്‍ എടുക്കേണ്ടതാണ്‌ ഭരണകൂടത്തിന്റെ ഉത്തരവാദിത്ത്വം എന്നു ചിന്തിക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍


Sunday, November 16, 2008

ബോംബിന്റെ രസതന്ത്രം

ബോംബിന്റെ രസതന്ത്രം

ഹിന്ദു ബോംബ്‌ പൊട്ടുന്നു. ഇസ്ലാമിക്‌ ബോംബ്‌ പൊട്ടുന്നു.രാഷ്ട്രീയ ബോംബുകള്‍ പൊട്ടുന്നു. കൊല്ലുന്നവനുമാത്രമേ മതമുള്ളു. മരിക്കുന്നവന്‌ മതമില്ല. ഹിന്ദു ബോമ്പു പൊട്ടിയാലും മരിക്കുന്നവരില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമുണ്ട്‌ .മുസ്ലിം ബോമ്പു പൊട്ടിയാലും മരിക്കുന്നതില്‍ മുസ്ലിമും ഹിന്ദുവും മറ്റു മതസ്ഥരുമുണ്ട്‌ ഒരു മതത്തിലുള്ളവരെ മാത്രം കൊല്ലാനുള്ള ബോമ്പുണ്ടാക്കാനുള്ള ടെക്‌ നോളജി ആരും കണ്ടുപിടിക്കാത്തത്‌ ഭാഗ്യം

അനാഥമാവുന്ന ബാല്യങ്ങള്‍ക്കും. വൈധവ്യത്തിന്റെ നരച്ച കരിമ്പടത്തിനുള്ളില്‍ ബന്ദിയാക്കപ്പെട്ട പെണ്‍പൂവുകള്‍ക്കും.അവലമ്പം നഷ്ടപ്പെട്ട കുടുമ്പങ്ങള്‍ക്കും ഒരു തുള്ളി കണ്ണുനീര്‍ ഒരു വരി പ്രാര്‍ഥന അതു മാത്രം
പിന്നെ വെറുതെ ഒരു പ്രതീക്ഷയും
"കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടായിരിക്കാം......"

രാക്ഷസന്മാരേ തുടര്‍ന്നോളൂ ചോരക്കളി. ഭാരതത്തിലെ അവസാനത്തെ ഉണ്ണിയുടെയും കണ്ണില്‍ നിന്നും കണ്ണുനീര്‍ വീഴും വരെ, അവസാനത്തെ പെണ്‍പൂവും വാടിക്കരിയുംവരെ ,അവസാനത്തെ അമ്മയുടെ മുലപ്പാലും വറ്റുന്നതുവരെ തുടര്‍ന്നോളൂ ......